പുൽപ്പള്ളി: പഠനത്തോടൊപ്പം കൂണ് കൃഷിയിൽ മാതൃകയായി മാറുകയാണ് പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്വയം പര്യാപ്തതയും തൊഴിൽപരിശീലനവും ലക്ഷ്യമിട്ടാണ് അധ്യാപകരുടെ നേതൃത്വത്തിൽ കൂണ് കൃഷി ഈ അധ്യയന വർഷം മുതൽ ആരംഭിച്ചത്. ഇതിനായി വിദ്യാർഥികൾക്കും അധ്യാപകർക്കും 2023ലെ കർഷ അവാർഡ് നേടിയ രാഹുലിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകിയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ മുകളിലെ ടെറസിലാണ് കൂണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
ചിപ്പിക്കൂണ്‍ കൃഷിയാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ മേൽനോട്ടം പൂർണമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെയും അധ്യാപകരുടേയും നേതൃത്വത്തിലാണ്. ഏറെ ശുചിത്വം ആവശ്യമുള്ളതിനാൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ മാത്രമാണ് കൃഷിയെ പരിപാലിക്കുന്നത്. ഇതിന് പുറമേ അധ്യാപകരുടെ നേതൃത്വത്തിൽ ബെഡ് തയാറാക്കൽ, നനയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും വിദ്യാർഥികൾക്ക് സഹായവുമായെത്തുന്നുണ്ട്. കൂണ് കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാർഥികളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.
കൃഷി ചെയ്തെടുത്ത കൂണ് സ്കൂളിലെ ഉച്ചഭക്ഷണത്തിനും ഉപയോഗിക്കും. ഇവിടെനിന്ന് പരിശീലനം ലഭിച്ച വിദ്യാർഥികൾക്ക് വീടുകളിൽ സ്വന്തമായി കൂണ് കൃഷി ചെയ്യാനും ഇതിലൂടെ കഴിയും. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൂണ് കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. ഇവർക്ക് രക്ഷിതാക്കളുടെ എല്ലാവിധ പിന്തുണയുമുണ്ട്. കൂണ് കൃഷിയെപ്പറ്റി പഠിക്കുന്നതും കൂണ് വാങ്ങുന്നതിനുമായി നിരവധിപേരാണ് സ്കൂളിലെത്തുന്നത്.